02:58pm 13 August 2026
NEWS
നാളെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി ഡി കെ പ്രശ്നങ്ങളുടെ നടുവിൽ.
12/08/2026  11:02 AM IST
വിഷ്ണുമംഗലം കുമാർ
നാളെ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി ഡി കെ പ്രശ്നങ്ങളുടെ നടുവിൽ

ബംഗളുരു: നാളെ നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കാനിരിക്കെ പാർട്ടിയ്ക്കകത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള സമ്മർദ്ദങ്ങളിൽ പെട്ടുഴറുകയാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കരുത്തനായ നേതാവ് എന്നാണ് പൊതുധാരണയെങ്കിലും അദ്ദേഹം വളരെ ദുർബലനായാണ് കാണപ്പെടുന്നത്. ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത ഇരുപത് മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയിട്ടില്ല. ചെറിയ കാര്യങ്ങളിൽ പോലും സ്വന്തമായി തീരുമാനമെടുക്കാൻ ഹൈക്കമാണ്ട് മുഖ്യമന്ത്രിയെ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതായിരുന്നില്ല സ്ഥിതി. മുതിർന്ന നേതാവും ബ്രാഹ്മണ പ്രതിനിധിയുമായ ദിനേഷ് ഗുണ്ടുറാവുവിനെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന്റെ അനുയായികൾ മാത്രമല്ല ഒരു വിഭാഗം നേതാക്കളും അസംതൃപ്തരാണ്.ദളിത് നേതാവും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സുഹൃത്തുമായ എച്ച് സി മഹാദേവപ്പയ്‌ക്ക് മന്ത്രിസ്ഥാനം നൽകാത്തിലും അഹിന്ദ വിഭാഗത്തിൽ അരിശം പുകയുന്നുണ്ട്. മഹർഷി വാല്മീകി കോർപറേഷനിലെ ധനാപഹരണ കേസ്സിൽ പെട്ട് സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടിവന്ന ബി. നാഗേന്ദ്രയ്‌ക്ക്, സിബി ഐ അന്വേഷണം നടക്കവേ വീണ്ടും മന്ത്രിസ്ഥാനം നൽകിയതിൽ ബിജെപി പ്രതിഷേധത്തിലാണ്. അദ്ദേഹത്തെ നിയമസഭയിലും പുറത്തും ബഹിഷ്കരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്ക്കെതിരെ പ്രവർത്തിച്ചു എന്ന ആരോപണം നേരിട്ട പ്രമുഖ മുസ്ലിംനേതാവ് സമീർ അഹമ്മദ് ഖാൻ മന്ത്രിസഭയിലെത്തിയത് സിദ്ധരാമയ്യയുടെ താല്പര്യം മറികടന്നാണെന്ന് വെളിപ്പെടുത്തിയത് യതീന്ദ്ര സിദ്ധരാമയ്യയാണ്. ഒരു വനിതയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഡി കെയ്‌ക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം തിയ്യതി സത്യപ്രതിജ്ഞ ചെയ്തവരിൽ രണ്ടുപേരെ ഒഴിവാക്കി പകരം പുറത്തുനിന്ന് രണ്ടുപേരെ മന്ത്രിസഭയിൽ എടുക്കുമെന്ന് കേൾക്കുന്നുണ്ട്. ആരെ ഒഴിവാക്കും ആരെ എടുക്കുമെന്നും വ്യക്തമല്ല. ഇത്തരം അഴിച്ചുപണികൾ അസാധാരണമാണ്. ഇഷ്ടവകുപ്പിനായി പഴയവരും പുതിയവരും ഒരുപോലെ കരുനീക്കം നടത്തുന്നുണ്ട്. ബിഡിദി ടൗൺഷിപ്പ്, നൈസ് റോഡ് പ്രൊജക്റ്റ്, കാവേരിപ്രശ്നം, വരൾച്ചാദുരിതം തുടങ്ങിയ വിഷയങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കടിച്ചുകീറാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം. ഏറെ മോഹത്തോടെ നേടിയെടുത്ത മുഖ്യമന്ത്രിസ്ഥാനം മൂന്നുമാസം തികച്ചാവും മുമ്പേ ഡി കെയ്‌ക്ക് കുരിശായിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img